കബനി നദിയില്‍ വെള്ളം കുടിക്കാന്‍ വരുന്ന ആനക്കൂട്ടങ്ങളെയും കണ്ട് ഒരു ദിവസം കാട്ടിനുള്ളില്‍ ചെലവഴിച്ചാലോ? വേഗം യാത്രയ്ക്ക് റെഡിയാക്കിക്കോളൂ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴി നിങ്ങള്‍ക്കുള്ളതാണ്! വയനാടും ഊട്ടിയും പോകാന്‍ വേണ്ടി ഒരുങ്ങിയിറങ്ങുന്നവര്‍ക്കും വരും വഴി നാഗര്‍ഹോളെയില്‍ കയറിയിട്ട് മടങ്ങി വരാം. മനോഹരമായ പച്ചപ്പും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ നാഗര്‍ഹോളെ പ്രകൃതിസ്നേഹികള്‍ക്ക് ഏറെ ഇഷ്ടപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്.നാഗത്തെപ്പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികളുള്ള സ്ഥലമായതിനാലാണ് നാഗര്‍ഹോളെക്ക് ആ പേര് കിട്ടിയത്. 47 അരുവികൾ, 41 കൃത്രിമ ടാങ്കുകൾ, വർഷം മുഴുവൻ വെള്ളമുള്ള നാല് തടാകങ്ങൾ, വറ്റാത്ത 4 അരുവികൾ, ഒരു റിസർവോയർ, ഡാം എന്നിവ പാർക്കിനുള്ളിലുണ്ട്. നിരവധി ചതുപ്പുകളും ഇതിനുള്ളിലുണ്ട്.