#Mammootty #Joshiy #RenjiPanicker മമ്മൂട്ടിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ഒരു സിനിമ ഇനി എന്ന് സംഭവിക്കും? അതോ അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ലേ? ഈ കോമ്പിനേഷനെ അത്രയേറെ സ്നേഹിക്കുന്നവര്‍ ഏറേക്കാലമായി ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട്. എന്നാല്‍ അതിനൊരു ഉത്തരം ഉടന്‍ ലഭിക്കുമെന്ന് സൂചന. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ജോഷി ആലോചിക്കുന്നതായാണ് വിവരം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ അങ്ങനെയൊരു സിനിമ സംഭവിക്കാനുള്ള ആലോചനകള്‍ നടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.
വലിയ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചുമറിയംജോസ്’ സൂപ്പര്‍ഹിറ്റായിരുന്നു. അതോടെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കള്‍ ജോഷിയുടെ പിന്നാലെയാണ്. ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ടത്രേ. ജോഷിക്കും ഇക്കാര്യത്തില്‍ താല്‍പ്പര്യമുണ്ട്. മമ്മൂട്ടിയും മനസില്‍ ഒരു ജോഷി ചിത്രം ആഗ്രഹിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഉടന്‍ തന്നെ ഒരു മമ്മൂട്ടി - ജോഷി ചിത്രം പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു ശരാശരി വിജയം മാത്രമായിരുന്നു. അതിന് ശേഷം ജോഷി കൂടുതലും മോഹന്‍ലാലുമൊത്താണ് സിനിമ ചെയ്തത്. പലതവണ മമ്മൂട്ടി - ജോഷി പ്രൊജക്ട് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല.