ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 20,21 തീയ്യതികളില്‍
ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം. ഈ വര്‍ഷം കഴിഞ്ഞാല്‍ 2021 മേയ് 26 വരെ ഇതിനായി കാത്തിരിക്കേണ്ടി വരും.
പൂര്‍ണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാവുന്നു. ഇങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ഉണ്ടാവുന്നത്.
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലാണ് വരിക.
പൂര്‍ണചന്ദ്രന്‍ ഉള്ളപ്പോള്‍ മാത്രമേ ചന്ദ്രഗ്രഹണവും സംഭവിക്കൂ.
ചന്ദ്രന്‍ ഭൂമിയ്ക്ക് അടുത്തുവരികയും കൂടുതല്‍ വലിപ്പത്തിലും പ്രകാശത്തിലും ദൃശ്യമാവുന്നതിനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ വോള്‍ഫ് മൂണ്‍ എന്നാണ് അമേരിക്കക്കാര്‍ വിളിക്കാറ്. ഈ രണ്ട് പ്രതിഭാസങ്ങളുടേയും സംയോജനമാണ് ഈ വര്‍ഷം നടക്കുക. ജനുവരി ഇന്ത്യന്‍ സമയം 20 രാത്രി 11 മണിക്കാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. ജനുവരി 21 രാവിലെ 10.11 വരെ ഇത് നീണ്ടുനില്‍ക്കും. 62 മണിക്കൂര്‍ നേരം നീണ്ടു നില്‍ക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ ദൃശ്യമാവില്ല. ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലും ഈ കാഴ്ചകാണാനാവില്ല. കിഴക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികമായി ഗ്രഹണം കാണാനാവൂ. അതേസമയം അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് പൂര്‍ണമായും കാണാം.
പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുമപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ.
ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾ മൂലമാണ് രക്തചന്ദ്രൻ ദൃശ്യമാകുന്നത്. ചുവപ്പ് ചന്ദ്രൻ, ചെമ്പൻ ചന്ദ്രൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഗ്രഹണ സമയത്ത് ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറച്ചാലും ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം. ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവർത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴൽ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനിൽ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികൾ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയിൽ പതിയ്ക്കുമ്പോൾ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാൽ ദൃശ്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വർണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങൾ ഏതാണ്ട് പൂർണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയിൽ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു.
അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല.
തരംഗ ദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങൾ മാത്രം ചന്ദ്രനിൽ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുമ്പോൾ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂർണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ ദൃശ്യമാവുകയാണ് ചെയ്യുക. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാൻ കഴിയില്ല. ഭൗമാന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സാന്നിദ്ധ്യത്തിനനുസൃതമായി ചുവപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതേസമയം ഭൂമിക്ക് അന്തരീക്ഷമില്ലെങ്കില്‍ ചന്ദ്രന്‍ കറുപ്പ് നിറത്തിലായിരിക്കും കാണപ്പെടുക. അന്തരീക്ഷ മലിനീകരണത്തിന്റെ ഒരു അളവുകോലായും ഇതിനെ കണക്കാക്കുന്നു.
സൂര്യഗ്രഹണം പോലെയല്ല ചന്ദ്രഗ്രഹണം.
കണ്ണുകൊണ്ട് കാണാന്‍ സാധിക്കും. യാതൊരു ദോഷവും ഉണ്ടാകില്ല. കണ്ണിന് യാതൊരു സംരക്ഷണത്തിന്റെ ആവശ്യവുമില്ല. ടെലസ്‌കോപ്പ് ഉപയോഗിച്ചോ അല്ലാതെയോ ചന്ദ്രഗ്രഹണം നിരീക്ഷിക്കാം. ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ബൈനോക്കുലറുകള്‍ ഉപയോഗിച്ച് നോക്കിയാല്‍ ചന്ദ്രന്റെ കടും ചുവപ്പ് കൂടുതല്‍ ആസ്വാദ്യകരമായി തോന്നും. അതേസമയം ചന്ദ്രന്‍ എത്ര ഗാഢമേറിയ ചുവപ്പ് നിറത്തിലായിരിക്കും ദൃശ്യമാകുക എന്ന് വ്യക്തമല്ല. ചിലപ്പോഴും ചാര കളര്‍ നിറഞ്ഞ ചുവപ്പിലോ അതല്ലെങ്കില്‍ ബ്രൗണ്‍ കലര്‍ന്ന ചുവപ്പിലോ ആയിരിക്കും ചന്ദ്രന്‍ ദൃശ്യമാകുക. അതേസമയം മികച്ച ക്യാമറകള്‍ ഉണ്ടെങ്കില്‍ ചാന്ദ്രപ്രതിഭാസം ഷൂട്ട് ചെയ്യുകയോ ചിത്രമെടുക്കുകയോ ചെയ്യാം.