അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍
ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദീനു അലക്‌സിന്റെ മൃതദേഹം ഇന്നു രാവിലെയാണ് മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്. ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കുടുംബം. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.. അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനു ക്രൊയേഷ്യയോടുള്ള അര്‍ജന്റീന പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞിരുന്നത്.
കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.