അടുത്തമാസത്തിനകം രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആശുപത്രികളിലും ‘റേപ്പ് എവിഡൻസ് കിറ്റ്’ എത്തിക്കുമെന്ന് വനിതാ ശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി.ലൈംഗികാതിക്രമക്കേസിൽ തെളിവു ശേഖരിക്കുമ്പോൾ ഉൾപ്പെടുത്തേണ്ട വസ്തുക്കളുടെ പട്ടികയും അവ സൂക്ഷിക്കാനുള്ള സൗകര്യവും അടങ്ങുന്നതാണ് കിറ്റ്.ഈ തെളിവുകൾ ഭദ്രമായി ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണം. ബലാത്സംഗക്കേസുകളിൽ കൂടുതൽ പ്രതികളും രക്ഷപ്പെടുന്നത് ഫൊറൻസിക് തെളിവിന്റെ അഭാവത്തിലാണ്. ഇതില്ലാതാക്കാനാണ് മന്ത്രാലയത്തിന്റെ നടപടി.ദേശീയതലത്തിൽ ബലാത്സംഗക്കേസുകളിലെ പ്രതികളുടെ രജിസ്ട്രിയും തയ്യാറാക്കും. കുറ്റവാളികളെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകാനാണിത്.കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രീകരണത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകും. ആഭ്യന്തര മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായാണ് സഹായം നൽകുക. മനുഷ്യക്കടത്ത് തടയാനുള്ള ബില്ലും മന്ത്രാലയത്തിന്റെ ആലോചനയിലുണ്ട്. ദേശീയ വനിതാനയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്ന് മേനകാ ഗാന്ധി പറഞ്ഞു.