ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിൽ ഐപിൽ താരലേലത്തിന് സമാപനമായി. കണക്കുകൂട്ടലും കിഴിക്കലുമായി എത്തി ആഗ്രഹിച്ച താരങ്ങളെ സ്വന്തമാക്കിയും ചില നഷ്‌ടങ്ങള്‍ സഹിച്ചുമൊക്കെയാണ് താരലേലത്തിനുശേഷം ഫ്രാഞ്ചൈസി പ്രതിനിധികള്‍ മടങ്ങിയത്. താരലേലം സമാപ്തിയിലെത്തിയതോടെ, ഇനി ടീം ഘടന രൂപപ്പെടുത്തുന്ന ചര്‍ച്ചകളിലാണ് ടീം മാനേജ്മെന്റും പരിശീലക സ്റ്റാഫുമൊക്കെ. ഇവിടെയിതാ, മുംബൈ ഇന്ത്യൻസ് ഈ സീസണിൽ കളിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ടീമിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാം.വിൻഡീസ് താരം എവിൻ ലൂയിസിനെയാകും നായകൻ രോഹിത് ശര്‍മ്മയ്ക്കൊപ്പം തുടക്കത്തിൽ ഓപ്പണറായി നിയോഗിക്കുക. വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡ് താരം ഇഷൻ കൃഷ്ണനാകും മുഖ്യ പരിഗണന. മധ്യനിരയിൽ ജെപി ഡുമിനി, സൂര്യകുമാര്‍ യാദവ് എന്നിവരുമുണ്ടാകും. കീറൻ പൊള്ളാര്‍ഡ്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാകും ടീമിന്റെ പ്രധാന കരുത്ത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിമാറ്റിമറിക്കാൻ ശേഷിയുള്ളവരാണ് ഈ മൂന്നു ഓള്‍റൗണ്ടര്‍മാരും. ജസ്‌പ്രീത് ബൂംറ നേതൃത്വം നൽകുന്ന ബൗളിങ് നിരയിൽ പാറ്റ് കുമ്മിൻസ്, പ്രദീപ് സാങ്‌വാൻ എന്നിവരുമുണ്ടാകും. ഈ ടീമിൽ തിളങ്ങാത്തവരെയും പരിക്കേൽക്കുന്നവരെ മാറ്റിയാകും റിസര്‍വ്വ് നിരയ്‌ക്ക് അവസരമൊരുക്കുകയെന്ന് പ്രതീക്ഷിക്കാം.