ISL 2017; Kerala Blasters Vs NorthEast United
ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചത്. 24ാം മിനിറ്റില്‍ മലയാളി താരം സി കെ വിനീത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് 1-0ന്റെ വിജയം സമ്മാനിച്ചത്. അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്‌റ്റിന്റെ തുരുതുരെയുള്ള മുന്നേറ്റങ്ങളെ അതിജീവിച്ച് മഞ്ഞപ്പട വിജയവുമായി തടിതപ്പുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍ ഈ മല്‍സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. പരിക്കു മൂലം കഴിഞ്ഞ നാലു കളികളും നഷ്ടമായ ബ്രൗണ്‍ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായാണ് ഈ മല്‍സരത്തില്‍ കളിച്ചത്. സസ്‌പെന്‍ഷന്‍ മൂലം ഗോവയ്‌ക്കെതിരേ പുറത്തിരുന്ന മലയാളി താരം സി കെ വിനീതും മഞ്ഞപ്പടയുടെ ആദ്യ ഇലവനിലെത്തി. 43ം മിനിറ്റില്‍ നോര്‍ത്ത് ഗോളി രഹനേഷിനെ റഫറി നേരിട്ടു ചുവപ്പ് കാര്‍ഡ് കാണിച്ചു പുറത്താക്കിയതോടെ നോര്‍ത്ത് ഈസ്‌റ്റിന്റെ അംഗബലം പത്തായി ചുരുങ്ങി. കറേജ് പെക്യൂസന്‍ നല്‍കിയ മനോഹരമായ ത്രൂബോള്‍ സ്വീകരിച്ച് ഗോള്‍ നേടാന്‍ ശ്രമിച്ച മാര്‍ക്ക് സിഫ്‌നിയോസിനെ ബോക്‌സിനു പുറത്തേക്ക് ഇറങ്ങി വന്ന രഹനേഷ് വീഴ്‌ത്തുകയായിരുന്നു. ബോക്‌സിന് തൊട്ടരികില്‍ നിന്നു ലഭിച്ച ഫ്രീകിക്ക് മുതലെടുക്കാന്‍ മഞ്ഞപ്പടയ്‌ക്കായില്ല. പെക്യൂസന്റെ കിക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടി വിഫലമാവുകയായിരുന്നു.