World Cup draw 2018: Groups And Schedule Revealed
2018 റഷ്യ ലോകകപ്പിന്‍റെ പോരാട്ടചിത്രം റെഡി. ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയില്‍ സൌദി അറേബ്യയ്ക്കും ഈജിപ്തിനും ഉറുഗ്വെയ്ക്കും ഒപ്പമാണ്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് മെക്സിക്കോയും സ്വീഡനും കൊറിയയും എതിരാളികളാകും. ഗ്രൂപ്പ് എഫിലാണ് ജര്‍മനി. പോര്‍ച്ചുഗലും സ്പെയ്നുമുള്ള ഗ്രൂപ്പ് ബിയാണ് ഇക്കുറി മരണഗ്രൂപ്പ്. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാനും മൊറോക്കോയുമാണ് ഗ്രൂപ്പിലെ ഇതര ടീമുകള്‍. അതേസമയം മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിന് ഗ്രൂപ്പ് മത്സരങ്ങള്‍ എളുപ്പമാകും. സ്വിറ്റ്സര്‍ലന്‍ഡും കോസ്റ്റ റിക്കയും സെര്‍ബിയയുമാണ് ബ്രസീലിന് എതിരാളികള്‍. അര്‍ജന്റീന ഗ്രൂപ്പ് ഡിയില്‍ ഐസ്ലന്‍ഡിനും ക്രൊയേഷ്യയ്ക്കും ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയ്ക്കും ഒപ്പം. ഗ്രൂപ്പ് ജിയിലാണ് ഇംഗ്ളണ്ട്. പാനമയും ബല്‍ജിയവും ടുണീഷ്യയും ഒപ്പം. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൌദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ അണിനിരക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. ഹോളണ്ടും ഇറ്റലിയും ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.