രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. കന്നഡ സാഹിത്യകാരനും ചിന്തകനുമായ കല്‍ബുറഗിയെ അജ്ഞാത സംഘം വീട്ടിലെത്തി കൊലപ്പെടുത്തി. സംഘപരിവാര്‍ വിമര്‍ശകരായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കരുടെയും കൊലപാതകത്തിനു ശേഷമായിരുന്നു അത്. ഈ സംഭവങ്ങളോടുള്ള കണ്ണിചേരലാകുകയാണ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണം. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുറഗി കൊല്ലപ്പെട്ട് രണ്ടു വര്‍ഷം തികഞ്ഞ് ദിവസള്‍ മാത്രമേ ആയുള്ളൂ. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവുമായി ഉറക്കെ ശബ്ദിച്ചവരില്‍ ഒരാള്‍ കൂടിയാണ് എന്നെന്നേക്കുമായി നിശബ്ദയാക്കപ്പെട്ടത്.